രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ‘നമോ ഭാരത് റാപിഡ്’ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി വന്ദേ മെട്രോയുടെ പേര് മാറ്റിയിരുന്നു. ഇനി നമോ ഭാരത് റാപിഡ് റെയിൽ എന്ന പേരിലാണ് ഈ ട്രെയിൻ അറിയപ്പെടുക. അഹമ്മദാബാദിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായിട്ടാണ് ഈ ട്രെയിനിന് ഫ്ലാഗ് ഓഫ് ചെയ്തത്.
ഭുജ് മുതൽ അഹമ്മദാബാദ് വരെയുള്ള 359 കിലോമീറ്റർ ദൂരം 5.45 മണിക്കൂർ കൊണ്ട് നമോ ഭാരത് റാപിഡ് റെയിൽ താണ്ടും. ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ചയോടെയാകും ട്രെയിൻ സ്ഥിര സർവീസ് ആരംഭിക്കുക. അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക് 455 രൂപയാണ്. അത്യാധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള പൂർണ്ണമായും ശീതീകരിച്ച ട്രെയിനാണിത്.
1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ ഉൾക്കൊള്ളുന്ന നമോ ഭാരത് റാപിഡിൽ റിസർവേഷന്റെ ആവശ്യമില്ല. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഗുജറാത്തിലെ ഭുജിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ആദ്യ സർവീസിനൊപ്പം, മറ്റ് ആറ് വന്ദേഭാരത് സർവീസുകൾക്കും പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
Story Highlights: PM Modi flags off India’s first Vande Metro train, renamed as Namo Bharat Rapid Rail