ബി.എസ്.എൻ.എൽ പുതിയൊരു സംവിധാനം ആരംഭിക്കാൻ പോകുകയാണ്. ‘സർവത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വീട്ടിലെ വൈഫൈ കണക്ഷൻ പുറത്തുപോകുമ്പോഴും ലഭിക്കും. ടെലികോം രംഗത്തെ വിപ്ലവമായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന ഈ പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയായി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എവിടെ പോയാലും ലഭിക്കുമെന്നത് ഉപയോക്താക്കൾക്ക് ആശ്വാസകരമായ കാര്യമാണ്.
ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) കണക്ഷനാണ് പദ്ധതിയുടെ അടിസ്ഥാനം. ‘സർവത്ര’യുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന എഫ്.ടി.ടി.എച്ച്. കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക. വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ഈ കണക്ഷനിലെ ഇന്റർനെറ്റ് ബി.എസ്.എൻ.എലിന്റെ മറ്റൊരു ഫൈബർ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. പരമാവധി കണക്ഷനുകൾ സർവത്രയൽ രജിസ്റ്റർചെയ്യാൻ ബി.എസ്.എൻ.എൽ അഭ്യർഥിക്കും. രജിസ്റ്റർചെയ്യുമ്പോൾ കണക്ഷനുകൾ ‘സർവത്ര എനേബിൾഡ്’ ആയിമാറും.
സർവത്രയിൽ മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സൈബർ സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട. സർവത്രയുടെ സേവനങ്ങൾ കൃത്യമാക്കാൻ ‘വൺ നോക്’ എന്ന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ബി.എസ്.എൻ.എലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവിയാണ് സർവത്ര എന്ന ആശയം മുന്നോട്ടുവെച്ചത്. പദ്ധതി യാഥാർത്ഥ്യമായാൽ മൊബൈൽ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതിൽ കുറയ്ക്കാൻ സാധിക്കും.
Story Highlights: BSNL to launch ‘Sarvatra’ project for seamless WiFi connectivity across locations