ജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാത്ത രീതിയിൽ റേഷൻ വിതരണവും മസ്റ്ററിങ്ങും നടക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിങ്ങ് പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം പകുതിയോളം കഴിഞ്ഞിട്ടുണ്ടെന്നും, മുൻഗണനാ വിഭാഗത്തിലെ 1 കോടി 53 ലക്ഷം ആളുകളിൽ 45 ലക്ഷം പേർ മസ്റ്ററിങ്ങ് പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും മസ്റ്ററിങ്ങിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും, ഇത് റേഷൻ വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണം കഴിഞ്ഞുള്ള സമയമായതിനാൽ കൂടുതൽ ആളുകൾ റേഷൻ കടകളിലേക്ക് വരില്ലെന്ന് വകുപ്പ് കണക്കുകൂട്ടുന്നു.
സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽ ഇതുവരെ മസ്റ്ററിങ്ങ് പൂർത്തിയാക്കിയവരുടെയും ഇനി പൂർത്തിയാക്കാനുള്ളവരുടെയും കണക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പുറത്തുവിട്ടു. ഇനി മസ്റ്ററിങ്ങ് ചെയ്യേണ്ട ആകെ മഞ്ഞ (AYY) കാർഡുകളിലെ അംഗങ്ങളുടെ എണ്ണം 19,86,539 ആണ്. പിങ്ക് (PHH) കാർഡുകളിലെ ആകെ അംഗങ്ങളുടെ എണ്ണം 1,34,00,584 ആണ്. ഇതുവരെ മസ്റ്ററിങ്ങ് നടത്തിയ ആകെ അംഗങ്ങളുടെ എണ്ണം 45,87,207 ആണ്.
Story Highlights: Kerala Food Minister G R Anil assures ration distribution and mustering will be completed by October 10 without inconvenience to public