പോപ്പുലർ ഫിനാൻസ് ഉടമകൾക്കെതിരെ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി കർശന നടപടി സ്വീകരിച്ചു. ഉയർന്ന പലിശ വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചതിന് ഏഴു ലക്ഷം രൂപ പിഴ ചുമത്തിയാണ് കോടതി നടപടി. എറണാകുളം സ്വദേശി എം.ജി നാരായണൻ സമർപ്പിച്ച പരാതിയിലാണ് ഈ വിധി വന്നത്.
പ്രതിവർഷം 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ നിക്ഷേപിപ്പിച്ചെങ്കിലും, പിന്നീട് പലിശ നൽകാതെ തട്ടിപ്പ് നടത്തിയതായി പരാതിയിൽ പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പരാതിക്കാരൻ മനസ്സിലാക്കി. തുടർന്ന് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു.
നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നവരെ നിയമത്തിന്റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടണമെന്ന് കോടതി വ്യക്തമാക്കി. നിക്ഷേപതുകയായ ആറ് ലക്ഷം രൂപയും 75,000 രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. കെഎസ് അരുൺ ദാസ് ഹാജരായി.
Story Highlights: Popular Finance owners fined Rs 7 lakh for deceiving customer with high interest promise