കോട്ടയം: സി.പി.ഐ.എം പ്രവർത്തകനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 6 ബി.ജെ.പി. – ആർഎസ്.എസ് പ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി മോഹന കൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 5 പേർക്ക് 7 വർഷം തടവും 50,000 രൂപ പിഴയും, ഒരാൾക്ക് 5 വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പൊൻകുന്നം സ്വദേശികളായ ശ്രീകാന്ത്, ഹരിലാൽ, അനന്ത കൃഷ്ണൻ, രാജേഷ് തമ്പലക്കാട്, ഗോപൻ, ദിലിപ് പടിക്കമറ്റത്ത് എന്നിവരാണ് പ്രതികൾ.
2018-ലാണ് സംഭവം നടന്നത്. പൊൻകുന്നം തെക്കേത്തുകവല സ്വദേശിയായ രവി.എം.എല്ലിനെയാണ് സംഘം ചേർന്ന് വീട്ടിൽ കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യയുടെയും രക്ഷിതാക്കളുടെയും മുന്നിൽ വച്ചായിരുന്നു ആക്രമണം. രവിയുടെ ശരീരത്തിൽ ഇരുപത്തിയെട്ടോളം വെട്ടേറ്റു. വലതുകൈ അറ്റുപോവുകയും ശ്വാസകോശത്തിന് പരുക്കേൽക്കുകയും ചെയ്തു. ഇപ്പോൾ ശരീരം ഭാഗികമായി തളർന്ന നിലയിലാണ് രവി.
കേസിൽ പബ്ളിക് പ്രോസിക്യൂട്ടറായി സജി എസ്. നായർ ഹാജരായി. വിധിയിൽ സന്തോഷമുണ്ടെന്ന് രവി പ്രതികരിച്ചു. ഭാരമേറിയ ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ രവി. ഈ വിധി രാഷ്ട്രീയ അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്.
Story Highlights: Six BJP-RSS workers sentenced to imprisonment for attempting to murder CPI(M) worker in Kottayam, Kerala.