സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് ഇ.പി ജയരാജൻ ഡൽഹിയിലേക്ക് പോകുന്നത്.
2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു പ്രതിഷേധം. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷം മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു.
ഈ സംഭവത്തെ തുടർന്ന് ഇ.പി ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തി. ഇതോടെ ഇൻഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജൻ പ്രഖ്യാപിച്ചു. മറ്റു വിമാനങ്ങളില്ലാത്തതിനാൽ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി. മാസങ്ങൾക്കുശേഷം എയർ ഇന്ത്യ തിരുവനന്തപുരം-കണ്ണൂർ സർവീസ് ആരംഭിച്ചതോടെയാണ് വീണ്ടും ജയരാജൻ വിമാനത്തിൽ ഈ റൂട്ടിൽ സഞ്ചരിച്ച് തുടങ്ങിയത്. ഇപ്പോൾ, ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തതോടെ ബഹിഷ്കരണം അവസാനിപ്പിച്ചതായി വ്യക്തമായി.
Story Highlights: CPI(M) leader E.P. Jayarajan ends boycott of Indigo Airlines, boards flight from Karipur to Delhi