ഒല സ്കൂട്ടർ തകരാറിലായി; പ്രകോപിതനായ ഉപഭോക്താവ് ഷോറൂമിന് തീയിട്ടു

Anjana

Ola scooter showroom fire

കർണാടകയിലെ ഗുൽബർഗയിൽ ഒരു ഉപഭോക്താവ് ഒല സ്കൂട്ടർ ഷോറൂമിന് തീയിട്ടു. പുതുതായി വാങ്ങിയ സ്കൂട്ടർ തകരാറിലായതിനെ തുടർന്നാണ് 26 കാരനായ മുഹമ്മദ് നദീം എന്ന യുവാവ് ഈ കടുംകൈക്ക് മുതിർന്നത്. മതിയായ കസ്റ്റമർ സപ്പോർട്ട് ലഭിക്കാത്തതിൽ പ്രകോപിതനായ ഇയാൾ വ്യാഴാഴ്ച ഷോറൂമിലെ കസ്റ്റമർ എക്സിക്യുട്ടീവുമായി വാക്കേറ്റത്തിലേർപ്പെട്ടശേഷം പെട്രോളൊഴിച്ച് കട കത്തിച്ചതായി പൊലീസ് പറഞ്ഞു.

മെക്കാനിക്കായ നദീം 1.4 ലക്ഷം രൂപ കൊടുത്ത് ഒരുമാസം മുൻപാണ് സ്കൂട്ടർ വാങ്ങിയത്. വാങ്ങി ഒന്ന് – രണ്ട് ദിവസത്തിനകം തന്നെ വാഹനത്തിന്റെ ബാറ്ററിയുമായും സൗണ്ട് സിസ്റ്റവുമായും ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി. വാഹനം റിപ്പെയർ ചെയ്യാൻ ഇയാൾ തുടർച്ചയായി ഷോറൂം സന്ദർശിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തീപിടുത്തത്തിൽ ഷോറൂം മുഴുവനും കത്തി നശിച്ചു. ആറ് വാഹനങ്ങളും കമ്പ്യൂട്ടറും കത്തി നശിച്ചതോടെ 8.5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ കേസെടുത്ത് നദീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒല സ്കൂട്ടറുകളുടെ വിൽപ്പന കുതിച്ചുയരുമ്പോഴും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്. സർവീസ് മോശമാണെന്നും വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ഉപഭോക്താക്കൾ പൊതുവേ ഉന്നയിക്കുന്നത്. അറ്റകുറ്റപ്പണികൾക്കെടുക്കുന്ന സമയം, സർവീസിങ് സ്ലോട്ട് കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയ നിരവധി പരാതികൾ ഒലയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. പലപ്പോഴും ഇതിനെതിരെ ഇടപാടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.

Story Highlights: Disgruntled Ola customer sets showroom on fire in Karnataka

Leave a Comment