രാജ്യത്തെ കാൻസർ മരുന്നുകളുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
കുർകുറെ, ലെയ്സ് തുടങ്ങിയ ലഘുഭക്ഷണങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതായും മന്ത്രി അറിയിച്ചു. ഓൺലൈൻ ഗെയിമുകളിൽ നിന്നുള്ള വരുമാനത്തിൽ 412 ശതമാനം വർധനവുണ്ടായെന്നും, ആറു മാസത്തിനിടെ വരുമാനം 6909 കോടിയായി ഉയർന്നതായും അവർ വെളിപ്പെടുത്തി. ഇതേ കാലയളവിൽ കാസിനോകളിൽ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വർധനവുണ്ടായി.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി അധ്യക്ഷനായ സമിതി ഒക്ടോബറിൽ തീരുമാനമെടുക്കും. ഈ സമിതിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുമെന്നും, നവംബറിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്കുള്ള ജിഎസ്ടി ഒഴിവാക്കാനും 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷത വഹിച്ചു.
Story Highlights: GST Council reduces tax on cancer drugs from 12% to 5%, increases tax on snacks