ഗുജറാത്തിലെ സൂറത്തിൽ ഗണേശ പൂജാ പന്തലിനുനേരെ അക്രമം നടന്നു. സയ്യിദ്പുര മേഖലയിലാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ആവശ്യമുള്ളിടത്തെല്ലാം കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.
സമാധാനാന്തരീക്ഷം തകർത്തവരെ അറസ്റ്റ് ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. സൂറത്തിലെ എല്ലാ മേഖലകളിലും 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഭവം ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി സ്ഥിരീകരിച്ചു. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സൂറത്ത് പൊലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് വ്യക്തമാക്കി.
ഗണേഷ് പന്തലിന് നേരെ ചിലർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് കമ്മീഷണർ ANI യോട് പറഞ്ഞു. കുട്ടികളെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയ ശേഷമാണ് ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതായി കമ്മീഷണർ കൂട്ടിച്ചേർത്തു.
Story Highlights: Attack on Ganesh Puja pandal in Surat, Gujarat leads to police action and arrests