സിപിഐഎമ്മിനോടുള്ള ഇ പി ജയരാജന്റെ നിസഹകരണം തുടരുകയാണ്. കണ്ണൂരിൽ പാർട്ടി സംഘടിപ്പിച്ച ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ജില്ലാ നേതൃത്വം ഇപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹം പരിപാടിയിൽ പങ്കെടുത്തില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിനു ശേഷം ഇപി കടുത്ത അതൃപ്തിയിലാണ്.
കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളിൽ പങ്കെടുക്കാനോ ഇപി തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ, പ്രകാശ് ജാവഡേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇപിക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായത്.
കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ. കൺവീനർ സ്ഥാനം ഒഴിയാൻ ഇപി താൽപര്യം പ്രകടിപ്പിച്ചെങ്കിലും, അതിനപ്പുറത്തേക്ക് സംഘടനാപരമായി കൺവീനർ സ്ഥാനത്തുനിന്ന് നീക്കി നടപടിയെടുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഇപി സ്ഥിരീകരിച്ചു, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: EP Jayarajan continues non-cooperation with CPI(M), skips party event in Kannur