സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കുകയാണ്. തിരുവനന്തപുരം പേരൂർക്കടയിലെ ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ രാവിലെ 8 മണിക്ക് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുന്നത്. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് ലഭ്യമാക്കും.
റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം നടത്തുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ് നേരിട്ട് എത്തിക്കും. ഓണക്കിറ്റിൽ 14 ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ എന്നിവയാണ് പ്രധാന ഇനങ്ങൾ.
സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിതരണം സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് കരുത്തു പകരുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Kerala government begins distribution of Onam kits containing 14 essential items