തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ തന്നെ വെള്ളമെത്തുമെന്നും, പൂർണ തോതിൽ വെള്ളമെത്താൻ രണ്ട് മണിക്കൂർ സമയമെടുക്കുമെന്നും മേയർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചു നിന്നുവെന്നും, മാധ്യമ പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടൽ പ്രശ്നം നേരിടുന്ന സ്ഥലങ്ങൾ സർക്കാരിന്റെയും നഗരസഭയുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിച്ചുവെന്നും മേയർ പറഞ്ഞു.
ജലവിതരണത്തിനായി 40 വാഹനങ്ങൾ നഗരത്തിൽ വിവിധ ഇടങ്ങളിൽ സർവീസ് നടത്തുന്നുണ്ടെന്നും, പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ ജല വിതരണം തുടരുമെന്നും മേയർ അറിയിച്ചു. അവസാന വീട്ടിലും വെള്ളം എത്തും വരെ ടാങ്കറിലും വെള്ളം നൽകുമെന്നും, പമ്പിങ് ആരംഭിച്ചെങ്കിലും ഈ സംവിധാനം തുടരുമെന്നും മേയർ വ്യക്തമാക്കി. നഗരസഭയുടെ അനുവാദത്തോടുകൂടി മാത്രമേ ഇനി വാട്ടർ അതോറിറ്റി വലിയ പ്രവർത്തികൾ നടത്താവൂ എന്ന നിർദേശം നൽകിയതായും മേയർ പറഞ്ഞു.
കുറച്ചുകൂടി മെച്ചപ്പെട്ട നിലയിൽ ക്രമീകരണം നടത്താമായിരുന്നുവെന്നും, എല്ലാവരും കൂടിയിരുന്ന് ആലോചിക്കാമായിരുന്നുവെന്നും മേയർ അഭിപ്രായപ്പെട്ടു. വാട്ടർ അതോറിറ്റി തുടർന്നുള്ള പ്രവർത്തികൾ നഗരസഭയിൽ അറിയിച്ചേ ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. നാല് ദിവസമായി തിരുവനന്തപുരം നഗരത്തെ വലച്ച കുടിവെള്ള പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചതായും, ഓണ പരീക്ഷകൾ മാറ്റിവെച്ചതായും അറിയിച്ചു.
Story Highlights: Thiruvananthapuram water crisis resolved, pumping resumed, says Mayor Arya Rajendran