പാലക്കാട് പട്ടാമ്പിയിൽ ആനക്കൊമ്പുകളുമായി രണ്ടുപേർ വനം വകുപ്പിന്റെ പിടിയിലായി. പട്ടാമ്പി വടക്കുംമുറി സ്വദേശി കൊള്ളിത്തൊടി രത്നകുമാറും പട്ടാമ്പി മഞ്ഞളുങ്ങൽ സ്വദേശി ബിജുവുമാണ് അറസ്റ്റിലായത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെപി ജിനീഷിന്റെ നേതൃത്വത്തിലുള്ള ഫ്ലൈയിങ്ങ് സ്ക്വാഡ് സംഘമാണ് ഇരുവരെയും പിടികൂടിയത്.
പ്രതികളിൽ നിന്ന് ആറ് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. പട്ടാമ്പിയിലെ ഒരു ബാറിൽ വച്ച് ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും അതിൽ നിന്നും ഉൽപ്പന്നങ്ങളുണ്ടാക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ആരാണ് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവർക്ക് നൽകിയതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം ചോദ്യം ചെയ്ത് വരികയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. നാട്ടാനകളുടെ കൊമ്പുകൾ മുറിച്ചെടുത്ത് വിൽപന നടത്തുന്ന സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Forest department arrests two individuals with elephant tusks in Palakkad Pattambi