പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തൽ നിരോധിച്ചിരിക്കുന്നു. പത്തനംതിട്ടയിലെ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും, കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും, എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കോഴി താറാവ് വളർത്തലും മുട്ടകളുടെ വിതരണവും അനുവദനീയമല്ല.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. ഈ വർഷം ജില്ലയിൽ ഒന്നര ലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായതായും 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായുമാണ് കണക്ക്. പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങൾ കഴിഞ്ഞെന്ന് കരുതിയ കർഷകർക്ക് ഓണക്കാലത്ത് പുതിയ നിരോധനം തിരിച്ചടിയായി. സാധാരണ മൂന്ന് മാസമാണ് നിയന്ത്രണം വരാറുള്ളതെങ്കിലും ഇപ്പോൾ നാലു മാസത്തേക്ക് കൂടി വരുമാനം ഇല്ലാത്ത അവസ്ഥയാണ്.
നിലവിലെ നിയന്ത്രണം അശാസ്ത്രീയമാണെന്ന് കർഷകർ വാദിക്കുന്നു. സമയബന്ധിതമായി നഷ്ടപരിഹാരം നൽകണമെന്നാണ് അവരുടെ ആവശ്യം. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. ഈ തുക ലഭിച്ചാൽ ഉടൻ തന്നെ ഈ വർഷത്തെ നഷ്ടപരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
Story Highlights: Kerala imposes bird flu restrictions in four districts, banning poultry farming