ഓണത്തിന് മുന്നോടിയായി കേരള സർക്കാർ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത നൽകി. കുടിശിക ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ലഭിക്കും. ഈ മാസം 11 മുതൽ വിതരണം ആരംഭിക്കും.
നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിന് പുറമെയാണ് രണ്ട് ഗഡു കൂടി അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക നേരിട്ട് എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. അനുവദിച്ച രണ്ട് ഗഡുവിൽ ഒന്ന് കുടിശികയാണ്. പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും, ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നൽകാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് നടപ്പായത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ട് ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപ വരെ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻകാർക്ക് ലഭിക്കുന്നത് 1600 രൂപയാണ്.
Story Highlights: Kerala government announces Rs 3200 welfare pension for Onam