കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉഗാണ്ടൻ ഒളിമ്പിക്സ് താരം റെബേക്ക ചെപ്റ്റെഗി (33) മരണമടഞ്ഞു. കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ശരീരത്തിന്റെ 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു റെബേക്ക. ഞായറാഴ്ച വീട്ടിൽവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
റെബേക്കയുടെ കാമുകനും കെനിയൻ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്. റെബേക്ക വാങ്ങിയ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. തന്റെ മകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്ന ഡിക്സണെതിരെ നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്റ്റേഗി വെളിപ്പെടുത്തി.
2022ലെ അബുദാബി മാരത്തണിൽ 2 മണിക്കൂർ 22 മിനിറ്റ് 47 സെക്കൻഡുകളിൽ ഫിനിഷ് ചെയ്താണ് റെബേക്ക പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയത്. കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിംപിക്സിൽ വനിതാ മാരത്തണിൽ മത്സരിച്ച റെബേക്ക 44-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക് താരത്തിന്റെ ദാരുണമായ അന്ത്യം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Story Highlights: Ugandan Olympic athlete Rebecca Cheptegei dies after being set on fire by boyfriend in Kenya