പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഷൻ ഉത്തരവിൽ ഒപ്പുവെച്ചു. നിലമ്പൂർ എംഎൽഎ പി.വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി സ്വീകരിച്ചത്. എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു.
എസ്പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎ പി.വി അൻവറിനോട് എസ്പി സുജിത് ദാസ് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ആരോപണങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഡിജിപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെയും നിർദേശിച്ചിരുന്നു. കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോപണവിധേയനായ പത്തനംതിട്ട എസ്പി എസ് സുജിത് ദാസിനെ സ്ഥലമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
Story Highlights: Pathanamthitta SP Sujith Das suspended following allegations by MLA PV Anwar