ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും നടന്‍ ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി.
കൊച്ചിയിലെ നടിയുടെ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.
കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് കടന്നുപിടിച്ചതായും നടി ആരോപിച്ചു. താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും നടി വെളിപ്പെടുത്തിയിരുന്നു. അഭിഭാഷകനായ വി എസ് ചന്ദ്രശേഖരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
Story Highlights: Actors Mukesh and Edavela Babu granted anticipatory bail in sexual assault case