ജയസൂര്യക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്ക് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നതായി വെളിപ്പെടുത്തൽ. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പണത്തിന് ആവശ്യമുണ്ടോയെന്നും ചോദിച്ച് പലരും വിളിച്ചതായി പരാതിക്കാരി പറഞ്ഞു. ചിലർ പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തതായും അവർ വ്യക്തമാക്കി. എന്നാൽ പരാതിയിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും കൂത്താട്ടുകുളത്തെ പന്നി ഫാമിൽ തെളിവെടുപ്പ് നടന്നതായും നടി കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിലെ നിരവധി വൃത്തികേടുകൾ താൻ കണ്ടിട്ടുണ്ടെന്നും മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പരാതിക്കാരി വ്യക്തമാക്കി. കുടുംബത്തിന്റെ നിർദേശപ്രകാരമാണ് ആദ്യം ജയസൂര്യയുടെ പേര് പുറത്തുപറയാതിരുന്നതെന്നും, രണ്ടുകോടി രൂപ കൈപ്പറ്റിയെന്ന വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് പേര് പുറത്തുപറഞ്ഞതെന്നും നടി വ്യക്തമാക്കി.
2013-ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിൽ തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. കേസിൽ പരാതിക്കാരി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി രഹസ്യമൊഴി നൽകിയിരുന്നു. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നൽകിയത്.
Story Highlights: Actress who complained against Jayasurya faces threats and offers