യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എം ലിജു തുടങ്ങിയ മുതിർന്ന നേതാക്കൾ സമരരംഗത്തെത്തി.
ആക്രമണത്തിൽ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. സമരം ഒതുക്കാൻ നോക്കേണ്ടെന്നും വെടിവെച്ചാലും പിന്മാറില്ലെന്നും സുധാകരൻ പ്രഖ്യാപിച്ചു. മനഃപൂർവം ആക്രമിക്കുന്ന പൊലീസിനെ തെരുവിൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ യൂത്ത് കോൺഗ്രസിന്റെ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും പൊലീസിന്റെ കാടത്തം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ വ്യക്തമാക്കി.
പൊലീസ് ഏഴു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതിരുന്നതിനാലാണ് ലാത്തിവീശിയത്. പൊലീസിന്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് പൊലീസിന്റെ നടപടിക്ക് കാരണമായത്. അബിൻ വർക്കിയെയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും അവർ ബസ്സിൽ നിന്നിറങ്ങി. സിപിഐഎം പശ്ചാത്തലമുള്ള ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് അബിൻ വർക്കി ആരോപിച്ചു. മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
Story Highlights: K Sudhakaran condemns police attack on Youth Congress march to Secretariat