സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. നിലവിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്. 2009-ലെ സംഭവം ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഈ നിലപാട് പരിഗണിച്ചാണ് കോടതി തീരുമാനമെടുത്തത്.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ ബംഗാളി നടിയുടെ പരാതിയിലാണ് കേസ്. തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ലൈംഗിക താൽപര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു നടിയുടെ ആരോപണം. ദുരനുഭവം വിവരിച്ചുകൊണ്ടായിരുന്നു നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് സംവിധായകൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Story Highlights: High Court disposed of director Ranjith’s anticipatory bail plea in sexual harassment case