എൻസിപിയിൽ മന്ത്രിമാറ്റത്തിനായി നിർണായക നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. ഇന്നലെ കൊച്ചിയിൽ ചേർന്ന എൻസിപി പ്രസിഡന്റുമാരുടെ യോഗത്തിൽ തോമസ് കെ തോമസും പി സി ചാക്കോയും ഉൾപ്പെടെയുള്ളവർ മന്ത്രി മാറ്റത്തിനുള്ള ആവശ്യം ശക്തമായി ഉന്നയിച്ചതായി അറിയുന്നു. ഈ വിഷയം ഉടൻ തന്നെ ശരദ് പവാറിനെ നേരിൽ കണ്ട് അറിയിക്കുമെന്നും വിവരമുണ്ട്.
പി സി ചാക്കോ ഡൽഹിയിലെത്തി ഈ മാസം അഞ്ചിന് ശരദ് പവാറിനെ കാണുമെന്നാണ് അറിയുന്നത്. മന്ത്രി സ്ഥാനമൊഴിയാൻ എ കെ ശശീന്ദ്രനുമേൽ എൻസിപി സംസ്ഥാന നേതൃത്വം ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. ശരദ് പവാർ എ കെ ശശീന്ദ്രനുമായി സംസാരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, തന്റെ അറിവിൽ അങ്ങനെ യാതൊരു നീക്കവും നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനമൊഴിയാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
രണ്ടരവർഷത്തെ ടേം വ്യവസ്ഥയിൽ മന്ത്രി സ്ഥാനം മാറണമെന്ന ആവശ്യം തോമസ് കെ തോമസ് പക്ഷം എൻസിപിയിൽ ശക്തമായി ഉന്നയിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയോടും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും അവർ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ എൻസിപി ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടേ എന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.
Story Highlights: NCP discusses potential removal of A K Saseendran from minister post