എഡിജിപി എം ആർ അജിത് കുമാർ തനിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി സർക്കാർ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാതെ എല്ലാ ചോദ്യങ്ങൾക്കും ഒറ്റവരി മറുപടിയാണ് എഡിജിപി നൽകിയത്.
അതേസമയം, ക്രമസമാധാന ചുമതലയിൽ നിന്ന് എംആർ അജിത്കുമാറിനെ മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട്. പകരം മനോജ് എബ്രഹാം, എച്ച് വെങ്കിടേഷ്, ബൽറാം കുമാർ ഉപാധ്യ എന്നിവരുടെ സാധ്യതകൾ ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു. സ്വർണക്കടത്ത്, കൊലപാതകം, ഫോൺ ചോർത്തൽ, സോളാർ കേസ് അട്ടിമറി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ അജിത് കുമാർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ചത്.
വിവാദത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ശരിയായ രീതിയിൽ സർക്കാർ പരിശോധിക്കുമെന്നും മുൻവിധികളില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിപിയാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം വിഷയം അന്വേഷിക്കുക. അജിത് കുമാറിനെതിരെ പി.വി. അൻവർ ഇന്നും ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സ്വർണക്കടത്ത് സംഘം, സോളാർ കേസ് അട്ടിമറി, കവടിയാറിൽ കൊട്ടാരം പോലെ വീട് നിർമ്മിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.
Story Highlights: ADGP MR Ajit Kumar requests government investigation into allegations against him