മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എഡിജിപി അജിത്കുമാറിനും എതിരെ ഭരണകക്ഷി എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തുന്ന ഗുരുതരമായ വെളിപ്പെടുത്തലുകളാണ് പി.വി.അൻവർ നടത്തിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം എന്നിവയാണ് എഡിജിപിക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ.
സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ഈ എഡിജിപി എന്നും, ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നൽകി കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ പ്രത്യുപകാരം ചെയ്തതെന്നും സുധാകരൻ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും, പി.വി.അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാത്തരം നെറികേടുകളുടെയും സങ്കേതമാണെന്ന് താൻ നേരത്തെ ഉന്നയിച്ചതാണെന്നും, അത് ശരിവെയ്ക്കുന്നതാണ് ഭരണകക്ഷി എംഎൽഎയുടെ ആരോപണങ്ങളെന്നും സുധാകരൻ പറഞ്ഞു. സ്ത്രീ വിഷയത്തിൽ പുറത്താക്കപ്പെട്ട പി.ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കാൻ നിയോഗിച്ചപ്പോൾ തന്നെ സിപിഎമ്മിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയന് ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണമെന്നും സിപിഎമ്മിലെയും പോലീസിലെയും ലോബിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കെ. സുധാകരൻ ആരോപിച്ചു.
Story Highlights: KPCC President K Sudhakaran demands impartial investigation into allegations against CM’s political secretary and ADGP