മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സഹയാത്രികനായ എംഎൽഎ പിവി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തന്നെ മറുപടി നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണെന്നും, മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നുമാണ് പിവി അൻവർ ആരോപിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ ഫോൺ ചോർത്തുന്നതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വർണ്ണ കടത്തുകാരുമായും അധോലോക മാഫിയയുമായും ലോ ആൻഡ് ഓർഡർ ചുമതലയുള്ള എഡിജിപിക്ക് ബന്ധമുണ്ടെന്നാണ് സിപിഐഎം എംഎൽഎയുടെ ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നും അൻവർ പറഞ്ഞു. എഡിജിപി കൊലപാതകങ്ങൾ നടത്തുന്നയാളാണെന്നതും ദേശവിരുദ്ധനാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. സ്വർണ്ണക്കടത്തിൻ്റെ 60% വരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുപോവുന്നുവെന്നത് സ്വർണ്ണക്കടത്ത് മാഫിയയും പൊലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്നത് സർക്കാരും സിപിഐഎമ്മും ആണെന്ന ബിജെപിയുടെ നേരത്തെയുള്ള ആരോപണം ശരിവയ്ക്കുന്നതാണ് പി വി അൻവർ എംഎൽഎയുടെ ഇപ്പോഴത്തെ വാദമെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights: BJP state president K Surendran demands CM’s response to serious allegations by CPM MLA PV Anwar against CM’s office