ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ നടൻ ജയസൂര്യ പ്രതികരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്നത് വ്യാജ പരാതികളാണെന്നും അവ നിയമപരമായി നേരിടുമെന്നും ജയസൂര്യ വ്യക്തമാക്കി. ഈ വ്യാജ ആരോപണങ്ങൾ മാനസികമായി തന്നെ തകർത്തുവെന്നും നടൻ കുറിച്ചു.
മനസാക്ഷിയില്ലാത്ത ആർക്കും ആർക്കെതിരെയും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കാമെന്ന് ജയസൂര്യ തന്റെ പോസ്റ്റിൽ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതെന്നും ഓർക്കുന്നത് നന്നായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ജയസൂര്യക്കെതിരെ രണ്ട് നടിമാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ ലൊക്കേഷനിൽ ശുചിമുറിക്കു സമീപം വച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ഒരു നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് മറ്റൊരു നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നതാണ് രണ്ടാമത്തെ കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നു.
Story Highlights: Actor Jayasurya responds to sexual harassment allegations, claims false accusations