സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ അഭാവവും മൂലം സ്പൈസ് ജെറ്റിന്റെ സർവീസുകൾ പലതും താളം തെറ്റിയിരിക്കുകയാണ്. ഇത്തവണ ദുബായിൽ നിന്ന് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിൽ ഒരു യാത്രക്കാരനും ഉണ്ടായിരുന്നില്ല. എയർപോർട്ട് കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനാൽ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനുള്ള അവസരം ലഭിച്ചില്ല. ഇതിന്റെ ഫലമായി നിരവധി ആളുകളുടെ യാത്ര മുടങ്ങുകയും ചെയ്തു.
ദുബായ് വിമാനത്താവളത്തിലെ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സ്പൈസ് ജെറ്റ് പ്രതിദിനം നടത്തുന്ന പതിനൊന്ന് വിമാനങ്ങളിൽ പലതും റദ്ദാക്കി. ഗ്രൗണ്ട്-ഹാൻഡ്ലിംഗ് സേവന ദാതാവായ Dnata-യ്ക്ക് പേയ്മെന്റുകൾ വൈകിയതാണ് റദ്ദാക്കലിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രവർത്തന പ്രശ്നങ്ങൾ മൂലമാണ് റദ്ദാക്കലുകളെന്നും മറ്റ് സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളിലും എയർലൈനുകളിലുമായി യാത്രക്കാരെ കയറ്റിവിട്ടിട്ടുണ്ടെന്നും അല്ലാത്തവർക്ക് റീഫണ്ട് നൽകിയിട്ടുണ്ടെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
കഴിഞ്ഞ വർഷം ഒന്നിലധികം തവണ കുടിശ്ശികയിൽ പിഴവുവരുത്തിയിട്ടും പ്രവർത്തനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സ്പൈസ്ജെറ്റ് പാടുപെടുകയാണ്. ഈ മാസം ആദ്യം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങളിൽ താൽക്കാലിക തടസ്സം നേരിട്ടിരുന്നു. എന്നാൽ എയർപോർട്ടുമായുള്ള പേയ്മെന്റ് കാര്യം തീർപ്പാക്കിയതോടെ അതിന് പരിഹാരമായി. ഏതാനും വർഷത്തിലേറെയായി സ്പൈസ്ജെറ്റ് ജീവനക്കാരുടെ ശമ്പളം, പ്രൊവിഡന്റ് ഫണ്ട് പേയ്മെന്റുകൾ എന്നിവ കൊടുക്കാൻ കഴിയാത്ത സാഹചര്യം നേരിടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Story Highlights: SpiceJet flight from Dubai returns empty due to financial crisis and airport dues