എം മുകേഷ് എംഎൽഎയ്ക്കെതിരെ ബലാത്സംഗ കുറ്റം രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കി. മുകേഷിന്റെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. സംസ്ഥാന അധ്യക്ഷ ജെബി മേത്തർ അടക്കമുള്ളവർ സമരത്തിന് നേതൃത്വം നൽകും. ബിജെപിയും മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വുമൺ ജസ്റ്റിസ് മൂവ്മെന്റും എംഎൽഎ ഓഫീസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മുകേഷിന്റെ രാജി ആവശ്യത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടയിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് നിർണായകമാണ്. കേസിൽ മുകേഷിനെ അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിവിധി പാർട്ടിക്കും മുകേഷിനും താൽക്കാലിക ആശ്വാസമാണ്. ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടെടുത്തിരുന്നു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടെടുത്തിട്ടുണ്ട്. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിട്ടുണ്ട്. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മുകേഷിന്റെ ഓഫീസിനും വീടിനും ശക്തമായ പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Opposition organizations intensify protests demanding MLA M Mukesh’s resignation over rape case