തിരുവനന്തപുരത്തെ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ഒരു ചിത്രീകരണ സ്ഥലത്ത് വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.
നേരത്തെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ ലൊക്കേഷനിൽ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളിൽ ഒന്ന് ജയസൂര്യക്കെതിരെയാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: Actor Jayasurya faces new sexual assault case for incident in Thodupuzha