മേഘാലയയിലെ ജയന്തിയ ഹിൽസ് ജില്ലയിൽ ഒരു പ്ലാൻ്റേഷനിൽ ബംഗ്ലാദേശിലെ മുൻ ഭരണകക്ഷി അവാമി ലീഗിൻ്റെ നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടെ മൃതദേഹം കണ്ടെത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 26 നാണ് മൃതദേഹം കണ്ടെത്തിയതെന്നും മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ പാസ്പോർട്ടിൽ നിന്നാണ് തിരിച്ചറിഞ്ഞതെന്നും അധികൃതർ അറിയിച്ചു.
ബംഗ്ലാദേശിലെ പിരോജ്പുർ ജില്ലയിൽ നിന്നുള്ള അവാമി ലീഗ് നേതാവായിരുന്നു പന്ന. ബംഗ്ലാദേശ് ഛത്ര ലീഗിൻ്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. ഷെയ്ഖ് ഹസീന സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്. ബംഗ്ലാദേശിൽ നിന്ന് രക്ഷപ്പെടാനായി അതിർത്തി കടന്ന് വന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, ബംഗ്ലാദേശിലെ അതിർത്തി സേനയായ ബോർഡർ ഗാർഡിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. നിലവിൽ മൃതദേഹം പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബംഗ്ലാദേശിലുള്ള ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Former Awami League leader Ishaq Ali Khan Panna’s body found in Meghalaya, near India-Bangladesh border