ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കഴിഞ്ഞ രണ്ട് മാസമായി ഭീഷണിയായിരുന്ന നാല് നരഭോജി ചെന്നായ്ക്കളെ വനം വകുപ്പ് പിടികൂടി. ഇവയെ പിടികൂടാൻ ‘ഓപ്പറേഷൻ ബേദിയ’ എന്ന പേരിൽ ഒരു പ്രത്യേക ദൗത്യം ആരംഭിച്ചിരുന്നു. 200 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകുകയും ഇൻഫ്രാറെഡ് ഡ്രോൺ സംവിധാനങ്ങളും കൂടുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 45 ദിവസങ്ങളിലായി എട്ട് കുട്ടികളും ഒരു സ്ത്രീയും ചെന്നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കുട്ടികളെ കടിച്ചെടുത്തുകൊണ്ട് പോകുന്ന ചെന്നായ്ക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ഗ്രാമവാസികൾ അധികൃതർക്ക് പരാതി നൽകിയത്. പിന്നീട് എംഎൽഎ അടക്കം ദൗത്യ സംഘത്തിന്റെ ഭാഗമായി തിരച്ചിൽ നടത്തി. എന്നാൽ, പിടിയിലായ നാല് നരഭോജി ചെന്നായ്കളേക്കാൾ കൂടുതൽ ചെന്നായ്ക്കൾ ഈ മേഖലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകൾ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ഏകദേശം 100 മീറ്റർ അകലെ ഡ്രോണിൽ ചെന്നായ്ക്കളെ കണ്ടിരുന്നു. പിന്നീട് സംഭവസ്ഥലത്ത് പോയി കാൽപ്പാടുകൾ ശ്രദ്ധിച്ചപ്പോൾ രണ്ട് ചെന്നായകൾ കൂടി അവിടെ നിന്ന് കടന്നുപോയതായി സ്ഥിരീകരിച്ചു. ഹാർദി, ഖേരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെന്നായ്ക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ് ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ചിരുന്നു.
Story Highlights: Four man-eating wolves captured in Bahraich, Uttar Pradesh after two-month operation