ലൈംഗികാതിക്രമ പരാതിയില് നടന് ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 354A, 509 തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങ് സെറ്റിലെ ശുചിമുറിയില് വച്ച് തന്നോട് ജയസൂര്യ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു കൊച്ചിയിലെ നടിയുടെ പരാതി. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
കൊച്ചിയിലെ നടിയുടെ പരാതിയില് ഏഴ് കേസുകള് രജിസ്റ്റര് ചെയ്യാനാണ് പൊലീസ് തീരുമാനം. ആറ് കേസുകള് എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാകും രജിസ്റ്റര് ചെയ്യുക. മുകേഷ്, ജയസൂര്യ, മണിയന്പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ നാല് സിനിമാ താരങ്ങള് ഉള്പ്പെടെ ഏഴ് പേര്ക്കെതിരെയാണ് കേസ്. പ്രൊഡക്ഷന് കണ്ട്രോളര്മാരും ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെതിരെയും നടി പരാതി ഉന്നയിച്ചിട്ടുണ്ട്.
നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് നടനും എംഎല്എയുമായ എം മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെ ലൈംഗികമായി അതിക്രമിക്കാന് ശ്രമിച്ചുവെന്ന് നടി സമര്പ്പിച്ച പരാതിയിലാണ് കേസ്. ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
Story Highlights: Police file sexual assault case against actor Jayasurya based on actress’s complaint