കാൻസർ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസകരമായ വാർത്തയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കാൻസർ മരുന്നുകളുടെ ഉയർന്ന വില രോഗികൾക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇനി മുതൽ ഈ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകും. ‘കാരുണ്യ സ്പർശം’ എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെയാണ് മരുന്നുകൾ വിതരണം ചെയ്യുക. നിലവിൽ കാരുണ്യ ഫാർമസികളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് ‘സീറോ പ്രോഫിറ്റ്’ നിരക്കിൽ നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ഈ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ 74 കാരുണ്യ ഫാർമസികളാണുള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും കുറഞ്ഞ വിലയിൽ ഇവിടെ നിന്നും ലഭ്യമാകുന്നത്. ഇതിനു പുറമേയാണ് കാൻസർ മരുന്നുകൾ പൂർണമായും ലാഭരഹിതമായി നൽകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി തുടങ്ങി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ഈ സേവനം ലഭ്യമാകും.
Story Highlights: Kerala government to provide cancer drugs at lowest prices through Karunya pharmacies