സ്ത്രീ പക്ഷ പ്രവര്ത്തകര് നടൻ മുകേഷ് എംഎല്എയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. സിനിമ നയരൂപീകരണ കമ്മിറ്റിയില് നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അവർ ആവശ്യപ്പെട്ടു. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര തുടങ്ങി 100 സ്ത്രീപക്ഷ പ്രവര്ത്തകരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
മുകേഷിനെതിരെ നിലവിൽ മൂന്ന് സ്ത്രീകൾ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗാർഹിക പീഡനം, ബലാത്സംഗം, തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള പദവിയാണ് എംഎല്എ സ്ഥാനമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്ന് അവർ കുറ്റപ്പെടുത്തി. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്എ സ്ഥാനം സ്വയം രാജിവയ്ക്കണമെന്നും, അല്ലാത്തപക്ഷം സർക്കാർ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Story Highlights: 100 women activists demand resignation of actor Mukesh as MLA and removal from film policy committee