ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാമർശമുള്ള എല്ലാ പേരുകളും പുറത്തുവരണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്, അതിജീവിതർക്ക് എല്ലാ പിന്തുണയും നൽകുമെന്നും നിയമസഹായം ആവശ്യമെങ്കിൽ അതിനും സഹായിക്കുമെന്നുമാണ്. ആരോപണ വിധേയരായ ഫെഫ്ക അംഗങ്ങൾക്കെതിരെ കോടതി നടപടിയോ അറസ്റ്റോ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമ്മയിലെ കൂട്ടരാജി ആ സംഘടനയിലെ പുതു നവീകരണത്തിന് തുടക്കമാകട്ടെയെന്ന് ആശംസിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഫെഫ്കയിലെ വനിതാ അംഗങ്ങളുടെ അഭിപ്രായ രൂപീകരണം നടക്കുന്നുണ്ട്. വിശകലന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. അമ്മയിൽ പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പൊതുസമ്മതരായ താരങ്ങളെ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാൻ തലമുറ മാറ്റം വേണമെന്നാണ് ഒരു വിഭാഗം താരങ്ങളുടെ അഭിപ്രായം.
ഇന്നലെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. തെരഞ്ഞെടുപ്പ് നടന്ന് പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും. കലാകാരൻമാർക്ക് നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്.
Story Highlights: FEFKA demands disclosure of all names mentioned in Hema Committee report regarding sexual abuse allegations in Malayalam cinema