ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് നേരെ വധഭീഷണി ഉയർന്നിരിക്കുകയാണ്. ‘എമർജൻസി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സിഖ് വിഘടനവാദ ഗ്രൂപ്പുകളിൽ നിന്ന് ഭീഷണി ഉയർന്നത്. ഇതിനെ തുടർന്ന് കങ്കണ പൊലീസ് സഹായം തേടിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താരം ട്രെയിലർ പങ്കുവെച്ചത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നിന്നുള്ള ബിജെപി എംപിയാണ് കങ്കണ. ‘നിങ്ങൾ ഈ സിനിമ റിലീസ് ചെയ്താൽ, സർദാർമാർ നിങ്ങളെ ചെരിപ്പുകൊണ്ട് അടിക്കും’ എന്നായിരുന്നു ഒരു ഭീഷണി സന്ദേശം. മറ്റൊരു ഭീഷണിയിൽ, ചരിത്രം മാറ്റാൻ കഴിയില്ലെന്നും സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും ആരായിരുന്നുവെന്ന് മറക്കരുതെന്നും പറഞ്ഞിരുന്നു.
‘എമർജൻസി’ നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിൽ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമി സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1984 ഒക്ടോബർ 31-ന് ഇന്ദിരാഗാന്ധിയെ വധിച്ച രണ്ട് അംഗരക്ഷകരായിരുന്നു സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും എന്നതും ഓർക്കേണ്ടതാണ്.
Story Highlights: Kangana Ranaut receives death threats over ‘Emergency’ movie trailer