മധ്യപ്രദേശ് സർക്കാർ കേരളത്തിന് 20 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. വയനാട് ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം സംഭവിച്ച കേരളത്തിനാണ് ഈ സഹായം നൽകുന്നത്. മുഖ്യമന്ത്രി ഡോ.
മോഹൻ യാദവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രളയബാധിത സംസ്ഥാനമായ ത്രിപുരയ്ക്കും 20 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശക്തമായ മഴ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ത്രിപുരയും കേരളവും രൂക്ഷമായ പ്രകൃതിക്ഷോഭങ്ങൾ അഭിമുഖീകരിച്ചതായും അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും വൻ തോതിൽ നാശനഷ്ടമുണ്ടായത് വളരെ ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ സുവർണാവസരത്തിലാണ് ത്രിപുര, കേരള സംസ്ഥാന സർക്കാരുകൾക്ക് മധ്യപ്രദേശ് സർക്കാർ 20 കോടി രൂപ വീതം കൈമാറുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതിസന്ധികളുടെ ഈ സമയത്ത് ഇരു സംസ്ഥാനങ്ങളോടും മധ്യപ്രദേശ് സർക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യാൻ ശ്രീകൃഷ്ണനോട് പ്രാർഥിക്കുന്നതായും മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.
Story Highlights: Madhya Pradesh government announces Rs 20 crore aid for Kerala and Tripura each due to natural disasters