മഹാരാഷ്ട്രയിൽ മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ച മഹന്ത് രാംഗിരി മഹാരാജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൂനെ കളക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാർച്ചിൽ പങ്കെടുത്ത 300 ഓളം പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ഒത്തുകൂടിയതിനും അനുമതിയില്ലാതെ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചതിനുമാണ് അറസ്റ്റ്. ‘എ സർവധർമ്മ സംഭവ മഹാമോർച്ച’ എന്ന ബാനർ ഉയർത്തിപിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധ മാർച്ച്.
മഹന്ത് രാംഗിരി മഹാരാജ്, മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ അടുത്തിടെ നടന്ന മതപരമായ ചടങ്ങിൽ ഇസ്ലാമിനും പ്രവാചകനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. ഇതിനെത്തുടർന്ന് മുംബൈയിലെ മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിഷേധക്കാർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 189 (2), 190, 196, 223, കൂടാതെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷൻ 135, 37 (1) എന്നി വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മഹന്ത് രാംഗിരി മഹാരാജിനെതിരെ 196(1)(എ), 197(1)(ഡി), 299, 302, 352, 353(1)(ബി), 353(1)(സി), എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ഭാരതീയ ന്യായ സംഹിതയുടെ 353(2) പ്രകാരം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലും മഹാരാജിൻ്റെ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം നടന്നിരുന്നു.
Story Highlights: Pune City Police arrest 300 protesters for illegal assembly and unauthorized protest march against Mahant Ramgiri Maharaj’s controversial remarks