കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സംവിധായകൻ രഞ്ജിത്തിനെതിരെയും നടൻ സിദ്ദിഖിനെതിരെയും പരാതി ലഭിച്ചു. വൈറ്റില സ്വദേശി ടി പി അജികുമാർ ആണ് രണ്ട് പരാതികൾ നൽകിയത്. സിദ്ദിഖിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഈ ആരോപണങ്ങളെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.
യുവ നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സിദ്ദിഖ് ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തൽ. അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മർദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്തിന്റെ രാജി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം.
എന്നാൽ, ശ്രീലേഖയുടെ പ്രസ്താവന പരസ്പര വിരുദ്ധമാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും രഞ്ജിത്ത് പ്രതികരിച്ചു. തനിക്കെതിരായ ആരോപണം നുണയാണെന്ന് തെളിയിക്കുമെന്നും പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ സത്യം തെളിയിക്കാൻ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
Story Highlights: Police complaint filed against director Ranjith and actor Siddique in Kochi