ടെലഗ്രാം സിഇഒ പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍; ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി

Anjana

Pavel Durov arrest

പാരിസിലെ ബർഗെറ്റ് വിമാനത്താവളത്തിൽ വെച്ച് ടെലഗ്രാം ആപ്ലിക്കേഷന്റെ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് അറസ്റ്റിലായി. ഫ്രാന്‍സില്‍ ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത അറസ്റ്റ് നടന്നത്.

ഫോബ്‌സിന്റെ റിപ്പോർട്ട് പ്രകാരം 15.5 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ഈ മുപ്പത്തിയൊമ്പതുകാരന് ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവുമുണ്ട്. നിലവിൽ ദുബൈയിലാണ് താമസം. ടെലഗ്രാമിന്റെ ആസ്ഥാനവും അവിടെയാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാന്‍സിലെ ഏജന്‍സിയായ ഒഎഫ്എംഐഎന്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2013-ൽ പവേലും സഹോദരൻ നിക്കോലായും ചേർന്നാണ് ടെലഗ്രാം സ്ഥാപിച്ചത്. നിലവിൽ 900 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ടെലഗ്രാമിനുള്ളത്. ഇതിനു മുമ്പ് റഷ്യയിൽ വികെ എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പവേൽ സ്ഥാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ കമ്മ്യൂണിറ്റികൾ അടച്ചുപൂട്ടാനുള്ള സർക്കാർ നിർദേശങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014-ൽ പവേൽ റഷ്യ വിടുകയും ആപ്പ് വിൽക്കുകയും ചെയ്തു. സ്വതന്ത്രനായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു അന്ന് പവേലിന്റെ പ്രതികരണം.

Story Highlights: Telegram CEO Pavel Durov arrested in Paris amid investigation into app

Leave a Comment