അറുപത്തിയെട്ടാം വയസ്സിൽ നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പരീക്ഷയ്ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളായിരുന്നു കേന്ദ്രം. 484309 എന്ന റോൾ നമ്പറിൽ പരീക്ഷയെഴുതിയ ഇന്ദ്രൻസിന് സാക്ഷരതാ മിഷൻ ഡയറക്ടർ ഒജി ഒലീന ചോദ്യപേപ്പർ കൈമാറി. മുഖത്ത് നിറചിരിയോടെ പരീക്ഷാ ഹാളിലെത്തിയ നടൻ എല്ലാവരുമായും സൗഹൃദം പങ്കിട്ട ശേഷമാണ് പരീക്ഷയെഴുതാൻ ഇരുന്നത്.
മലയാളം പരീക്ഷ നന്നായി എഴുതിയെന്നും ഇനി അങ്ങോട്ടുള്ള വിഷയങ്ങളിലാണ് ടെൻഷനെന്നും ഇന്ദ്രൻസ് പുഞ്ചിരിയോടെ പറഞ്ഞു. പഠിക്കാൻ തന്നതിൽ കുറച്ചൊക്കെ പരീക്ഷയ്ക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്താം ക്ലാസ് പാസാവുക എന്ന സ്വപ്നം ഇന്ദ്രൻസ് പങ്കുവെച്ചിരുന്നു. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാ മിഷന്റെ ചട്ടം. അതുപ്രകാരമാണ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരീക്ഷ രാവിലെ ഒൻപതരയോടെ ആരംഭിച്ച് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. ആദ്യ ദിവസം മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. രണ്ടാം ദിവസം സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പരീക്ഷയും നടക്കും. രണ്ടാഴ്ച കഴിഞ്ഞാവും പരീക്ഷയുടെ ഫലം പുറത്തുവിടുക.
Story Highlights: Actor Indrans, at 68, writes 7th class equivalency exam in Thiruvananthapuram, aiming for 10th standard