കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് സംഘങ്ങളെ വിന്യസിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ വിമാനത്താവളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
2022-ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പ്രകാരമുള്ള ഐസൊലേഷൻ, സാമ്പിൾ ശേഖരണം, ചികിത്സ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എംപോക്സ് ആദ്യം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നെങ്കിലും ഇപ്പോൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമായി മാറിയിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. പനി, തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. രോഗബാധിതരുമായി ഇടപഴകുമ്പോൾ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
Story Highlights: Kerala Health Minister Veena George urges vigilance against Mpox, surveillance teams deployed at airports