മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ്; ഒരുക്കങ്ങൾ തുടങ്ങി സപ്ലൈകോ

Anjana

Kerala Onam kit distribution

സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി ഇത്തവണയും ഓണക്കിറ്റ് നൽകാൻ സപ്ലൈകോ തീരുമാനിച്ചു. മുൻഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ 60,000 ത്തോളം അന്തേവാസികൾക്കുമാണ് ഓണക്കിറ്റ് നൽകുന്നത്. ഇതിനായി 35 കോടിയോളം രൂപ ചിലവ് വരുമെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടൽ. പിങ്ക് കാർഡുടമകൾക്കും മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് വിതരണം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ലെന്നും സപ്ലൈകോ വ്യക്തമാക്കി.

സെപ്റ്റംബർ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ സപ്ലൈകോ ആരംഭിച്ചു. 14 ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. 13 ഇന അവശ്യസാധനങ്ങൾ ഓണച്ചന്തകൾ വഴി വിതരണം ചെയ്യാനാണ് പദ്ധതി. ധനവകുപ്പ് നിലവിൽ അനുവദിച്ച 225 കോടി രൂപ കൊണ്ടാണ് ഒരുക്കങ്ങൾ തുടങ്ങുന്നത്. എന്നാൽ ഓണച്ചന്തകൾക്കും വിപണി ഇടപെടലിനുമായി 600 കോടി രൂപയെങ്കിലും വേണമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞതവണ ഉണ്ടായത് പോലെയുള്ള പ്രതിസന്ധി ഇക്കുറി കിറ്റ് വിതരണത്തിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഉടൻ തീരുമാനിക്കും. ഓണച്ചന്തകൾ അടുത്തമാസം നാലാം തീയതിയോടെ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു. 250 കോടി അനുവദിച്ചുവെങ്കിലും ഇതു തികയില്ലെന്നും സപ്ലൈകോ ചൂണ്ടിക്കാട്ടുന്നു.

Story Highlights: Supplyco to distribute Onam kits only to yellow ration cardholders in Kerala

Leave a Comment