തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 78-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിഷമിച്ചിരുന്നാൽ മാത്രം പോരാ, അതിജീവിക്കണമെന്നും നാടിൻറെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാകണം ഇത്തവണത്തെ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്ര സാങ്കേതിക വിദ്യയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവയ്ക്കെതിരെ പ്രതിരോധം തീർക്കാനും രാജ്യത്തിനു കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുകയെന്നും വ്യത്യസ്ത പ്രദേശങ്ങളുടെ സമതുലിതമായ വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിൽപ്പെട്ടവരെ കൈപിടിച്ചുയർത്തുകയും നാടിന്റെ ഭാവിക്ക് അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലുള്ളവർ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളും ഈ ദുരന്തഘട്ടത്തിൽ സഹായിക്കുന്നതിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. നമ്മുടെ ഒരുമയെയും ഐക്യത്തെയും ഊട്ടിയുറപ്പിച്ചു കൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ദിയുടെ എട്ടു ദശാബ്ദത്തോളമാകുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റെതാകേണ്ടതുണ്ടെന്നും, ഇനിയും നേടിയെടുക്കാനുള്ളവയും അതിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന് ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: CM Pinarayi Vijayan hoists flag at 78th Independence Day celebrations in Thiruvananthapuram, emphasizes unity and resilience amid Wayanad disaster