കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് നടപടികൾ വൈകുന്നതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രൂക്ഷ വിമർശനം ഉന്നയിച്ചു. DYFI നേതാവ് റിബീഷ് ആണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ ഒളിച്ചുകളിയാണെന്ന് ഫിറോസ് ആരോപിച്ചു. മത സ്പർദ്ധ വളർത്താനുള്ള CPIM നീക്കത്തിന് പിന്നിൽ നേതാക്കൾക്ക് പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സത്യം പുറത്തുവന്നതായി ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്നതാണ് സി.പി.ഐ.എം രീതിയെന്ന് അദ്ദേഹം വിമർശിച്ചു. സ്ക്രീൻഷോട്ട് പ്രമുഖ നേതാക്കൾ തനിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയെന്നും, എന്നാൽ സി.പി.ഐ.എം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്തെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
കോടതി ഇടപെടലുണ്ടായിട്ടും പൊലീസ് കേസ് സ്ലോമോഷനിൽ കൈകാര്യം ചെയ്യുന്നതായി ഷാഫി പറമ്പിൽ ആരോപിച്ചു. സ്ക്രീൻഷോട്ട് തയാറാക്കിയത് യു.ഡി.എഫ് അല്ലെന്ന കാര്യത്തിൽ തുടക്കം മുതൽ വ്യക്തതയുണ്ടായിരുന്നുവെന്നും, വടകരയിലെ ജനങ്ങൾക്കും ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ തന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ ജനം പിന്തുണച്ചതായും വലിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിഞ്ഞതായും ഷാഫി പറമ്പിൽ അവകാശപ്പെട്ടു.
Story Highlights: Youth League leader PK Firos criticizes police inaction in Kafir screenshot controversy