മുസ്ലിംലീഗ് പ്രമുഖ നേതാവും മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. അപകടത്തെ തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.
2004-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി. താനൂർ, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിൽ നിന്ന് മൂന്നുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1982 മുതൽ 1984 വരെയും 1988 മുതൽ 1990 വരെയും താനൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് താനൂർ മണ്ഡലം അധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ പദവികളും വഹിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മന്ത്രിയും നിയമസഭാംഗവുമായി ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിച്ച പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ ചർച്ചകൾക്ക് സാമൂഹികവും സാഹിത്യപരവുമായ മാനങ്ങൾ നൽകുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചിരുന്നു. തന്റെ നാടിന്റെയും സമുദായത്തിന്റെയും താൽപര്യങ്ങൾക്ക് വേണ്ടി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. പൊതുതാൽപര്യ സംരക്ഷണത്തിലൂടെ മാത്രമേ സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന വിശ്വാസമുണ്ടായിരുന്ന മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹം.
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Story Highlights: Former minister and Muslim League leader Kutti Ahammed Kutti passed away at the age of 71.
Image Credit: twentyfournews