ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

Anjana

Wayanad landslide missing persons list

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ സംഭവിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഈ പട്ടികയില്‍ 138 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ പരിശോധിച്ചാണ് ഇത് തയ്യാറാക്കിയത്.

ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബര്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്. നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്ത ശേഷമാണ് ഈ പട്ടിക തയ്യാറാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച് അതില്‍ ഉല്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയും പട്ടിക പരിഷ്‌ക്കരിക്കുകയും ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും കരട് പട്ടിക ലഭ്യമാകും. കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ 8078409770 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്.

Story Highlights: Wayanad district administration publishes draft list of 138 missing persons in landslide disaster

Image Credit: twentyfournews