അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Anjana

Amoebic Meningoencephalitis Kerala

തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പായല്‍ പിടിച്ച കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നും മന്ത്രി നിര്‍ദേശിച്ചു. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിരമായി ചികിത്സ തേടണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

തിരുവനന്തപുരത്ത് ഒരാള്‍ മരണമടഞ്ഞതിന് പുറമേ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി സമ്പര്‍ക്കമുണ്ടായവരാണ്. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നതെന്നും രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുതെന്നും മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

Story Highlights: Health Minister Veena George warns about Amoebic Meningoencephalitis in Thiruvananthapuram

Image Credit: twentyfournews