കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നു. ഈ ബില്ല് പാസായാൽ, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ നിശ്ചിത പരിധിയിൽ അധികം ഫോളോവേഴ്സുള്ള അക്കൗണ്ടുകൾ ഒരു മാസത്തിനുള്ളിൽ കേന്ദ്രസർക്കാരിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടി വരും.
ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ത്രിതല റെഗുലേറ്ററി സംവിധാനത്തിൻ്റെ കീഴിലാക്കും. ഈ നിയമം വഴി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാരെ കൊണ്ടുവരാനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമം.
ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിട്ടുണ്ട്.
പെയ്ഡ് സബ്സ്ക്രിപ്ഷനുള്ള പരസ്യ വരുമാനം സ്വീകരിക്കുന്ന യൂട്യബ്, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാർ വാർത്തകളോ സമകാലിക സംഭവങ്ങളോ സംബന്ധിച്ച് ഉള്ളടക്കം പങ്കുവെക്കുന്നവരാണെങ്കിൽ ഇവരെ ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്റ്റേർസായി കണക്കാക്കും. ഇന്ത്യൻ പൗരത്വമുള്ള വ്യക്തി എന്നതിന് പകരം വ്യക്തി എന്ന മാത്രമാണ് ബില്ലിൽ രേഖപ്പെടുത്തിയത്.
അതിനാൽ തന്നെ ലോകത്തെ എല്ലാ സോഷ്യൽ മീഡിയാ കണ്ടൻ്റ് ക്രിയേറ്റർമാർക്കും നിയമം ബാധകമാകും. ഈ ബില്ല് നിലവിൽ വരുന്നതോടെ ഐടി ആക്ടിൻ്റെ പ്രസക്തി നഷ്ടപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
Story Highlights: India’s proposed Broadcast Bill aims to regulate digital content creators worldwide Image Credit: twentyfournews