കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കും.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രധാനമായും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: Heavy rain alert issued for Kerala, yellow alert declared in six districts
Image Credit: twentyfournews